News

“സിപിഎം വർഗ്ഗീയ രാഷ്ട്രീയം കളിക്കരുത്; മുന്നറിയിപ്പുമായി ഷാഫി പറമ്പിൽ”

കോഴിക്കോട്: വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിലായതിന് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എം.പി ഷാഫി പറമ്പിൽ. വടകരയുടെ മണ്ണിൽ വർഗ്ഗീയ വിഷം കലർത്താൻ നടത്തിയ ആസൂത്രിത ശ്രമമാണിതെന്നും ‘കമ്മ്യൂണൽ പോയിസൺ ബോംബ്’ ആയിരുന്ന കാഫിർ സ്‌ക്രീൻഷോട്ട് ഒടുവിൽ ഡിഫ്യൂസ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധത കാണിച്ച ജനങ്ങൾക്കും കേസിൽ ആദ്യമേ പരാതി നൽകിയ മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ നിശ്ചയദാർഢ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ തലയിൽ ഉദിച്ച ബുദ്ധിയല്ല, ഇതിന് പിന്നിൽ പാർട്ടി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. അവർ തന്നെ വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിക്കുകയായിരുന്നു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ നോക്കിയ ഇത്തരക്കാർക്ക് ഇപ്പോൾ നിയമപരമായ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനിൽ മാത്രം അന്വേഷണം അവസാനിപ്പിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ പോലീസിന്റെ ശ്രമം ഷാഫി പറമ്പിൽ വ്യക്തമാക്കി. മാഷാ അള്ളാ പോസ്റ്റര്‍ എന്തിന് ഉപയോഗിച്ചെന്നും ഫസലിനെ കൊന്നതിന് ശേഷം തൂവാല എന്തിന് ക്ഷേത്രത്തില്‍ കൊണ്ടിട്ടെന്നും ഷാഫി ചോദിച്ചു.

ജിതിൻ ഭാസ്‌കറിന് ഡിവൈഎഫ്ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് മറ്റൊന്നും കൊണ്ടല്ല, ഈ സ്‌ക്രീൻഷോട്ട് നിർമ്മിക്കാനും പ്രചരിപ്പിക്കാനും അവർക്ക് ഉപദേശം നൽകിയത് ഇതേ നേതൃത്വം ആയതുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ നിർദ്ദേശപ്രകാരമാണ് റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തത് എന്ന രീതിയിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രചരണങ്ങൾ തള്ളിപ്പറഞ്ഞ ഷാഫി പറമ്പിൽ, അറസ്റ്റിന് പിന്നിൽ ഷാഫിയാണെന്ന് പറഞ്ഞ് സി.പി.ഐ.എം സ്വയം അപഹാസ്യരാകരുതെന്നും പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button