ശബരിമല സ്വർണക്കൊള്ള വിവാദം; എ. പത്മകുമാറിനെ സസ്‌പെൻഡ് ചെയ്ത് സി.പി.എം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷൻ എത്ര കാലത്തേക്കാണെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
സ്വർണക്കൊള്ള കേസിൽ പ്രതിയായ സാഹചര്യത്തിൽ പത്മകുമാറിനോട് സി.പി.എം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. തപാൽ മുഖേന അയച്ച നോട്ടീസിന് ദൂതൻ വഴിയാണ് അദ്ദേഹം മറുപടി കൈമാറിയത്. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ സമയത്തും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും പത്മകുമാർ ജില്ലാ കമ്മിറ്റി അംഗമായി തുടർന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തതും ശ്രദ്ധേയമായിരുന്നു.
പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതെ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനാകില്ലെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. ഇതേ തുടർന്നാണ് നടപടി വേഗത്തിലാക്കാൻ സംസ്ഥാന നേതൃത്വവും നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തനിക്കെതിരെ പാർട്ടി നടപടി വന്നാൽ അതിനെ വെല്ലുവിളിക്കില്ലെന്ന് പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണക്കൊള്ള കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, ആത്മകഥ എഴുതില്ലെന്നും, പാർട്ടി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




