സാഹസിക വിനോദത്തിനിടെ അപകടം; സുരക്ഷാ വീഴ്ചയിൽ യുവതിയുടെ ജീവൻ നഷ്ടമായി

ബ്രസീലിയ: ബ്രസീലിലെ സാവോ പോളോയിൽ സുരക്ഷാ കയർ ഘടിപ്പിക്കാതെ നടത്തിയ ബംജി ജംപിംഗ് അപകടത്തിൽ 21 വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് 130 അടി ഉയരമുള്ള പാലത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്.
പ്രതിശ്രുതവരനൊപ്പം സ്വകാര്യ സ്ഥാപനത്തിന്റെ സാഹസിക വിനോദ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുരക്ഷാ കയർ ഘടിപ്പിക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ ഗുരുതര പിഴവാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിവാദമായി മാറി.
അപകടത്തിൽ ഉത്തരവാദികളായ ആറുപേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. യുവതിയെ പാലത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് പിന്നാലെ കയർ ഘടിപ്പിച്ചിട്ടില്ലെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അപകടം നേരിട്ട് കണ്ട പ്രതിശ്രുതവരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് മുമ്പ് യുവതി പാലത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.




