ഐപിഎസ് അഴിച്ചുപണിയിൽ അതൃപ്തി; സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഐപിഎസ് തലപ്പത്തെ വൻ അഴിച്ചുപണിക്ക് പിന്നാലെ അതൃപ്തി പരസ്യമായി. പുതിയ സ്ഥലംമാറ്റത്തിൽ അസൗകര്യം ചൂണ്ടിക്കാട്ടി രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ സർക്കാരിനെ സമീപിച്ച് നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിക്കപ്പെട്ട ടി. നാരായണനും തൃശ്ശൂർ റേഞ്ച് ഡിഐജിയായി സ്ഥലംമാറ്റം ലഭിച്ച കെ. കാർത്തികും നിലവിലെ നിയമനത്തിൽ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതായാണ് വിവരം. തൃശ്ശൂർ റേഞ്ച് ഡിഐജി സ്ഥാനത്തുനിന്നാണ് ടി. നാരായണനെ കണ്ണൂരിലേക്ക് മാറ്റിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ. കാർത്തികിനെ തൃശ്ശൂർ റേഞ്ച് ഡിഐജിയായാണ് നിയമിച്ചിരിക്കുന്നത്.
അതേസമയം, ഡിജിപി സമർപ്പിച്ച ശുപാർശ പട്ടികയിലെ നിരവധി ഉദ്യോഗസ്ഥർക്ക് നിയമനം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തിന്റെ അറിവോ ശുപാർശയോ കൂടാതെയാണ് ചില സ്ഥലംമാറ്റ തീരുമാനങ്ങൾ എടുത്തതെന്ന ആരോപണവും ശക്തമാണ്. ലഭിച്ച പരാതികൾ ആഭ്യന്തര വകുപ്പ് പരിശോധിക്കുമെന്നാണ് സൂചന.
മറ്റു ജില്ലാ പൊലീസ് മേധാവിമാരുടെ സ്ഥാനമാറ്റവും ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജില്ലാ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരെ മാറ്റുന്നതിൽ കാലതാമസം നേരിടുന്നതിൽ അതൃപ്തി ഉയരുന്നുണ്ട്. ഈ വിഭാഗങ്ങളിലെ മാറ്റങ്ങൾ വേഗത്തിലാക്കണമെന്നാണ് വിവിധ സംഘടനാ നേതാക്കളും ആവശ്യപ്പെടുന്നത്.
പിണറായി സർക്കാരിന്റെ കാലത്ത് സമാനമായ മാറ്റങ്ങൾ അതിവേഗം നടപ്പാക്കിയിരുന്നുവെന്നും, നിലവിലെ കാലതാമസം സർക്കാരിന് രാഷ്ട്രീയമായും ഭരണപരമായും തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ചില ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
സംസ്ഥാന പൊലീസിൽ നടന്ന ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നായാണ് ഈ അഴിച്ചുപണിയെ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിക്കുകയും, ആ സ്ഥാനത്തുണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാറ്റുകയും ചെയ്തിരുന്നു. നിലവിലെ സ്ഥലംമാറ്റ വിവാദങ്ങൾ പൊലീസിനകത്തും രാഷ്ട്രീയ രംഗത്തും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




