News

പൊലീസ് സ്റ്റേഷനിൽ തന്നെ മദ്യപാനം; എസ്ഐ ഉൾപ്പെടെ ഉദ്യോഗസ്ഥർ കുടുങ്ങി

തൃശൂര്‍: ചേലക്കര പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോളി സെബാസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖില്‍, സജിത്ത് എന്നിവരാണ് ഡ്യൂട്ടിയ്ക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വടക്കാഞ്ചേരി എസ്എച്ച്ഒ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ചേലക്കര സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യപിച്ചുകൊണ്ടിരുന്ന പൊലീസുദ്യോഗസ്ഥര്‍ കുടുങ്ങിയത്.

പിടിയിലായ ഇവരെ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ച വിവരം സ്ഥിരീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരേ ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് കാക്കിയ്ക്ക് നാണക്കേടുണ്ടാക്കി പൊലീസ് സ്റ്റേഷനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയത്. ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button