
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പോലീസ് സേനയെ അടിമുടി ഉടച്ചുവാർത്ത് ആഭ്യന്തരവകുപ്പിന്റെ നിർണായക ഉത്തരവ്. ക്രമസമാധാനപാലനം കൂടുതൽ ശക്തമാക്കുന്നതിനും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഉന്നതതലത്തിൽ ഈ വൻ സർജറി നടന്നിരിക്കുന്നത്. പോലീസ് ആസ്ഥാനം മുതൽ ജില്ലാ തലങ്ങളിൽ വരെ വിശ്വസ്തരെയും ദീർഘകാല പ്രവൃത്തിപരിചയമുള്ളവരെയും താക്കോൽസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടുള്ള മാറ്റങ്ങൾ സേനയിൽ ‘ചെന്നിത്തല ശൈലി’ വ്യക്തമാക്കുന്നതാണ്.
ഏറ്റവും തന്ത്രപ്രധാനമായ ക്രമസമാധാന ചുമതലയുള്ള (ലാ ആൻഡ് ഓർഡർ) എഡിജിപിയായി പി. വിജയനെ നിയമിച്ചതാണ് ഈ അഴിച്ചുപണിയിലെ പ്രധാന നീക്കം. നിലവിൽ ഇന്റലിജൻസ് മേധാവിയായിരുന്ന അദ്ദേഹത്തിന്, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിനുള്ള സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പൂർണ്ണമായ അധിക ചുമതലയും സർക്കാർ കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സുരക്ഷയിലും രഹസ്യാന്വേഷണത്തിലും നിർണായകമായ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് ദിനേന്ദ്ര കശ്യപ് എത്തും. സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന അദ്ദേഹത്തിന്റെ കേന്ദ്ര ഇന്റലിജൻസിലെ ദീർഘകാലത്തെ സേവനപരിചയം മുൻനിർത്തിയാണ് ആഭ്യന്തരവകുപ്പ് ഈ സുപ്രധാന ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. നിലവിലെ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ സായുധ പോലീസ് ബറ്റാലിയൻ എഡിജിപിയായും മാറ്റി നിയമിച്ചു. പോലീസ് ആസ്ഥാനത്തെ എഡിജിപി ആയിരുന്ന എസ്. ശ്രീജിത്തിനെ പുതിയ ജയിൽ മേധാവിയായും, ക്രൈംബ്രാഞ്ചിൽ അഡീഷണൽ ചുമതലയിലുണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും പൂർണ്ണ ചുമതലകളോടെ നിയമിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിലെ ക്രമസമാധാനപാലനവും സുരക്ഷയും കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ഷൗക്കത്തലി എ.പി. ചുമതലയേൽക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി, മുൻകാലങ്ങളിലെ സങ്കീർണ്ണമായ രാഷ്ട്രീയ കൊലപാതകക്കേസുകൾ അന്വേഷിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന മേരിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ചീഫായി മാറ്റി നിയമിച്ചു. കോഴിക്കോട് റൂറൽ എസ്പിയായിരുന്ന ഫറാഷ് ടി. യെ എറണാകുളം കോസ്റ്റൽ പോലീസ് എഐജിയായും നിയമിച്ചിട്ടുണ്ട്.
നഗര സുരക്ഷയും ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും ഊർജ്ജിതമാക്കാൻ നാല് പുതിയ താല്ക്കാലിക തസ്തികകൾക്കും സർക്കാർ രൂപം നൽകി. ഹർഷിത അത്തല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായും, ഇന്റലിജൻസ് ഐജിയായിരുന്ന എസ്. ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു. പോലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന ആർ. നിശാന്തിനിയാണ് പുതിയ ഇന്റലിജൻസ് ഐജി.
റേഞ്ച് ഡിഐജി തലത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജിയായിരുന്ന യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്കും, എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും മാറ്റി. തിരുവനന്തപുരം സിറ്റി കമ്മീഷണറായിരുന്ന കാർത്തിക് കെ. തൃശൂർ റേഞ്ച് ഡിഐജിയാകുമ്പോൾ, തൃശൂർ റേഞ്ചിലുണ്ടായിരുന്ന നാരായണൻ ടി. കണ്ണൂർ റേഞ്ച് ഡിഐജിയാകും.
പുതിയ ജില്ലാ പോലീസ് മേധാവിമാർ:
തിരുവനന്തപുരം റൂറലിൽ പ്രശാന്തൻ കാണി ബി.കെയും കൊല്ലത്ത് ഷാജി സുഗുണനും പുതിയ എസ്പിമാരാകും. വിഷ്ണു പ്രതീപ് ടി.കെ (ആലപ്പുഴ), സാബു മാത്യു കെ.എം (കോട്ടയം), ഡോ. നസീം എ (ഇടുക്കി), അബ്ദുൽ റഷീദ് എ (പാലക്കാട്), എസ്. ദേവ മനോഹർ (വയനാട്), മുഹമ്മദ് നദീമുദ്ദീൻ (തൃശ്ശൂർ റൂറൽ), ഉമേഷ് ഗോയൽ (കണ്ണൂർ റൂറൽ), നിധിൻരാജ് പി (കാസർഗോഡ്) എന്നിവരാണ് മറ്റ് ജില്ലകളിലെ പുതിയ അമരക്കാർ. ബി.വി. വിജയ ഭാരത് റെഡ്ഡി പുതിയ കണ്ണൂർ സിറ്റി കമ്മീഷണറാകും. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായിരുന്ന മോഹനാചന്ദ്രൻ നായരെ കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും മാറ്റി നിയമിച്ചിട്ടുണ്ട്.
ഗവർണറുടെ നിർദ്ദേശപ്രകാരം പൊതുഭരണ അഡീഷണൽ സെക്രട്ടറി രാജേഷ് ജി.ആർ. ആണ് അടിയന്തര സ്വഭാവമുള്ള ഈ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണമാറ്റത്തിന് പിന്നാലെ പോലീസ് സംവിധാനത്തെ കൂടുതൽ ജനാധിപത്യപരവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം നിയമപാലനം കർശനമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ആഭ്യന്തരവകുപ്പിന്റെ ഈ നീക്കം.




