സുഗതൻ കൊടുംക്രിമിനൽ’; ബിജെപി കൗൺസിലറെ പുറത്താക്കണമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ ആർ സുഗതനെതിരെ എൽ ഡി എഫ്. സുഗതൻ കൊടും ക്രിമിനലാണെന്നും കാപ്പ കേസിൽ ജയിലിലായ സാഹചര്യത്തിൽ കൗൺസിലിൽ നിന്നും പുറത്താക്കണമെന്നാണ് എൽ ഡി എഫിന്‍റെ ആവശ്യം. ഇക്കാര്യം മേയർ വി വി രാജേഷിനോട് ആവശ്യപ്പെട്ടതായി നഗരസഭ എൽ ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്ക് വ്യക്തമാക്കി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നഗരത്തെ ക്രിമിനൽ സംഘങ്ങളുടെ കൂടാരമാക്കാനാണ് ബി ജെ പിയും നഗരഭരണ കൂടവും ശ്രമിക്കുന്നത്. സാധാരണ ആട്ടോറിക്ഷ തൊഴിലാളിയിൽ നിന്ന് വളരെ വേഗത്തിലാണ് സുഗതൻ വലിയ സമ്പത്തിനുടമയായത്. റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ തുടങ്ങിയവയിലൂടെയാണ് സുഗതൻ വളർന്നത്. തന്റെ കച്ചവടത്തിൽ തടസ്സം നിൽക്കുന്നവരെ ഗുണ്ടാ പ്രവർത്തനത്തിലൂടെ ആക്രമിച്ച് നാട്ടിൽ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് വരവേയാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വം സുഗതന് സീറ്റ് നൽകുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷവും ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയും പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കാൻ മേയർ തയ്യാറാകണമെന്നും ദീപക്ക് ആവശ്യപ്പെട്ടു.
പൊലീസിനെ അഭിന്ദിച്ച് ആഭ്യന്തര മന്ത്രി
വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കും. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതിയെ പിടിക്കുമ്പോൾ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന്റെ മനോവിര്യം തകർക്കാൻ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകൾ ഇറക്കി പൊലീസിന്‍റെ മനോവിര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.




