News

കർണാടകത്തിൽ അധികാരമാറ്റ സൂചനകൾ ശക്തം; രാജിക്കൊരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അധികാരമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയതായാണ് വിവരം. ഇന്ന് രാവിലെ 11.30ഓടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.

തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യാഴാഴ്ചയ്ക്കകം കാര്യങ്ങളിൽ വ്യക്തത വരുത്താമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ഇതിനിടെ, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി അദ്ദേഹം ഇന്ന് പ്രഭാതഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ഈ വിരുന്ന് വിടവാങ്ങൽ സൂചനയായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

അതിനിടെ, ഔദ്യോഗിക പരിപാടികളിൽ നിന്നുൾവലിയുന്ന നിലപാടും സിദ്ധരാമയ്യ സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നെഹ്‌റു അനുസ്മരണ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാതെ വിധാൻ സൗധയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം.

സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ കർണാടക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുക്കാനാണ് സാധ്യത. സംഭവവികാസങ്ങൾ ഏകോപിപ്പിക്കുന്നതിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബെംഗളൂരുവിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

വരും മണിക്കൂറുകളിൽ കർണാടക രാഷ്ട്രീയത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയലോകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button