ബംഗളൂരുവിലേക്കും വിജയിയുടെ രാഷ്ട്രീയ നീക്കം; ജിബിഎ തെരഞ്ഞെടുപ്പിന് ഒരുങ്ങി ടിവികെ

ബംഗളൂരു: തമിഴ്‌നാട്ടിൽ രാഷ്ട്രീയമായി ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം കർണാടക രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളൂരുവിലെ ജിബിഎ (GBA) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സജീവ നീക്കങ്ങൾ ആരംഭിച്ചെന്നാണ് സൂചന.
തമിഴ്‌നാട്ടിൽ നേടിയ രാഷ്ട്രീയ നേട്ടങ്ങളുടെ ആത്മവിശ്വാസത്തിലാണ് അയൽ സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാൻ ടിവികെ നേതൃത്വം ശ്രമിക്കുന്നത്. ബംഗളൂരു നഗരത്തിലെ 369 വാർഡുകളിൽ കുറഞ്ഞത് 50 സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്.
തമിഴ് സംസാരിക്കുന്നവർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. സിനിമാതാരമെന്ന നിലയിൽ വിജയിക്കുള്ള വൻ ആരാധക പിന്തുണ തെരഞ്ഞെടുപ്പ് നേട്ടമാക്കാനാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടിവികെയുടെ ഈ പുതിയ നീക്കം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജിബിഎ തെരഞ്ഞെടുപ്പിൽ ടിവികെ രംഗത്തെത്തുന്നതോടെ കർണാടകത്തിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പുതിയ രാഷ്ട്രീയ തട്ടകത്തിൽ ടിവികെയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.




