വയനാട് പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചു’; വ്യാജ പ്രചാരണത്തിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

കൊച്ചി: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വർഗീസ്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും നേരത്തെ ഡിജിപിക്ക് നൽകിയ പരാതി അന്വേഷിക്കണമെന്നും ദീപ്തി മേരി വർഗീസ് പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തുവെന്നും ദീപ്തി മേരി വർഗീസ് അറിയിച്ചു.


