KeralaNews

പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വധശ്രമം, ഗൂഢാലോചന എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. വലിയതുറ പൊലീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവം നടന്ന് മൂന്ന് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ഫെബ്രുവരിയില്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

2022 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇത് വലിയ വിവാദമായിരുന്നു. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍ കുറ്റപത്രത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2024 ഏപ്രിലില്‍ കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതി നല്‍കിയിരുന്നില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയത് കൊണ്ടായിരുന്നു കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമായി വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button