Blog

ചൂരൽമല–മുണ്ടക്കൈ വിദ്യാർത്ഥികളുടെ സ്നേഹാശംസകൾ; മന്ത്രി ടി. സിദ്ദീഖിന് വികാരനിമിഷം

കൽപ്പറ്റ: “ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ്പ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രികസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്,” വികാരാധീനരായി ചൂരൽമല-മുണ്ടക്കൈ മേഖലയിലെ വിദ്യാർത്ഥികൾ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖിനോട് പറഞ്ഞു.

2024-ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരും ഉടയവരും സർവ്വസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികളാണ്, തങ്ങളെ രക്ഷകർത്താവിന്റെ ഉത്തരവാദിത്തത്തോടെ ചേർത്തുപിടിച്ച അന്നത്തെ കൽപ്പറ്റ എം.എൽ.എയും ഇന്നത്തെ കൃഷി മന്ത്രിയുമായ ടി. സിദ്ദീഖിനോട് വീഡിയോ കോളിലൂടെ സ്നേഹവും സന്തോഷവും പങ്കുവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ഒട്ടനവധി വിദ്യാർത്ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒത്തുചേർന്നത്.
​വിദ്യാർത്ഥികളുടെ വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിയ മന്ത്രി ടി. സിദ്ദീഖ്, ഇവർ കൽപ്പറ്റയിലെ നിശബ്ദ വിപ്ലവത്തിന്റെ ഏറ്റവും പ്രധാന സാരഥികളാണെന്ന് പ്രശംസിച്ചു.

2024-ലെ മഹാദുരന്തത്തിൽ ജീവിതം വഴിമുട്ടിപ്പോയ 152 വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിലാകാതിരിക്കാൻ ‘എം.എൽ.എ കെയർ’ പദ്ധതിയിലൂടെ പ്രത്യേക കരുതൽ ഒരുക്കിയിരുന്നു. വിവിധ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ച് സി.എസ്.ആർ (CSR) ഫണ്ടുകൾ കണ്ടെത്തിയാണ് കുട്ടികളുടെ പഠനച്ചെലവ് പൂർണ്ണമായും വഹിച്ചത്. ഇതിലൂടെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഏവിയേഷൻ തുടങ്ങിയ മുൻനിര മേഖലകളിൽ ഉൾപ്പെടെ തടസ്സമില്ലാതെ പഠനം തുടരാൻ ഈ വിദ്യാർത്ഥികൾക്ക് സാധിച്ചു.

ഈ നിലയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇതിനോടകം തന്നെ ജോലി ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുട്ടികൾക്കും കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി ടി സിദ്ധിഖ് ഉറപ്പുനൽകി. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നടന്നു കയറിയ ഈ കുട്ടികൾ സമൂഹത്തിന് വലിയൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വയനാട് ജില്ലയിലാകെ 351 കുട്ടികളാണ് ‘എം.എൽ.എ കെയർ’ എന്ന പ്രത്യേക പദ്ധതിയിലൂടെ നിലവിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പദ്ധതിയിലെ 21 ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുകയും ചെയ്തു. ദുരന്തബാധിതരായ ഒരു തലമുറയെ അറിവിലൂടെയും തൊഴിലിലൂടെയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കൽപ്പറ്റയുടെ ഈ വിദ്യാഭ്യാസ മാതൃക വലിയ വിജയമായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button