
കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവര്‍ പറഞ്ഞു. ബേപ്പൂരിൽ മത്സരിക്കുമ്പോള്‍ അടക്കം പാര്‍ട്ടിയുടെ പിന്തുണയുണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്നും ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്നും അൻവര്‍ പറഞ്ഞു.
യുഡിഎഫിനൊപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബേപ്പൂരിൽ ടിഎംസി ചിഹ്നം നൽകാത്തത് യുഡിഎഫുമായി സഹകരിച്ചതിനാലാണെന്നും അൻവര്‍ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും കോഴിക്കോട് ജെഡിടിയിലെ സ്ര്ടോങ് റൂം തുറന്നത് ദൂരഹമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു:



