KeralaNews

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; ആരോപണവുമായി സിപിഎം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ എന്ന ആരാപണവുമായി സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിഘടകത്തിന്റെ സീല്‍ ഉണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. കത്ത് തയ്യാറാക്കിയത് 2019 മാര്‍ച്ച് പത്തൊന്‍പതിനാണ്. അതേസമയം, സിപിഎമ്മിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

ബിജെപി സീല്‍ പതിച്ച കത്തിന്റെ പകര്‍പ്പും സിപിഎം ട്വിറ്ററില്‍ പങ്കുവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്നത് ഒരു രഹസ്യമല്ല. എങ്കിലും രണ്ടിനും രണ്ട് ഡെസ്‌കുകള്‍ എന്ന മര്യാദയെങ്കിലും പാലിക്കാമായിരുന്നെന്നും സിപിഎം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ എന്നത് തെരഞ്ഞെടുപ്പ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നു എന്നതുപോലെ യാദൃച്ഛികമാണെന്നും സിപിഎം ആരോപിച്ചു

2019 മാര്‍ച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീല്‍ ഉപയോഗിക്കുന്നതായി കാണുന്നത് ഇതാദ്യമായാണെന്നും സിപിഎം പറയുന്നു. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപിയുടെ സീല്‍ ഉള്ള കത്ത് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മറ്റ് പാര്‍ട്ടികളുമായി സംസാരിച്ച് വ്യക്തത വരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഈമെയിലില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നും സിപിഎം പറയുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നല്‍കാനാണ് സിപിഎം തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button