കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ അവർ വീണ്ടും ഒന്നിക്കും ; ഐഎസ്ആർഒ പെൻഷനേഴ്സ് സംഗമം നാളെ തിരുവനന്തപുരത്ത് ; 1500 ഓളം പേർ പങ്കെടുക്കും

തിരുവനന്തപുരം: ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക സംഗമം 2026 മാർച്ച് 24 ചൊവ്വാഴ്ച ( നാളെ ) തിരുവനന്തപുരത്ത് നടക്കും. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) ഉൾപ്പെടെ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നവരും കുടുംബാംഗങ്ങളും ഈ വലിയ ഒത്തുചേരലിന്റെ ഭാഗമാകും. രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും.
വിഎസ്എസ്സി (VSSC), എൽപിഎസ്സി (LPSC), ഐഐഎസ്യു (IISU) തുടങ്ങി ഇന്ത്യയിലുടനീളമുള്ള ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും തൊഴിലാളികളും സംഗമത്തിനെത്തും. ഏകദേശം 1500ഓളം പേരാണ് പരിപാടിയിൽ പങ്കെടുക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ബി.എൻ. സുരേഷ് ചടങ്ങിൽ പങ്കെടുക്കും. കൂടാതെ വിവിധ കേന്ദ്രങ്ങളിലെ മുൻ ഡയറക്ടർമാരും പ്രമുഖ ശാസ്ത്രജ്ഞരും പരിപാടിയുടെ ഭാഗമാകും.
വിരമിച്ച ഉദ്യോഗസ്ഥർക്കിടയിലെ സൗഹൃദം പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അവസരമായാണ് ഈ വാർഷിക സംഗമം സംഘടിപ്പിക്കുന്നത് എന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ എസ്. ഫെർണാണ്ടസ് അറിയിച്ചു.




