Kerala

അടുക്കള കാര്യങ്ങള്‍ നോക്കുകയാണ് കെ സി വേണുഗോപാലിന്റെ നിലവിലെ പരിപാടി; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. അടുക്കള കാര്യങ്ങള്‍ നോക്കുകയാണ് കെ സി വേണുഗോപാലിന്റെ നിലവിലെ പരിപാടിയെന്നും ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് വേണുഗോപാല്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അടുക്കളയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ സമയം ഇല്ല. എങ്ങനെയാണ് കപ്പ വേവുന്നത്, മീന്‍ വേവുന്നത് എന്നാണ് ചോദിക്കുന്നത്. കെ സി വേണുഗോപാല്‍ ചെയ്യുന്നതും ബിജെപി ചെയ്യുന്നതും ഒരേ കാര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആരെങ്കിലും പാര്‍ട്ടിയില്‍ വരുന്നോ എന്ന് ഫോണ്‍ ചെയ്ത് ചോദിക്കുന്നതാണ് ജോലി. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണ് വേണുഗോപാലിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ പോയി അബദ്ധം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിന്ന ആളാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു. പ്രേംകുമാറിനെ തനിക്ക് നന്നായി അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പിണറായി വിജയന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയോടും ശിവന്‍കുട്ടി പ്രതികരിച്ചു.

ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയാണ് മണിശങ്കര്‍ അയ്യര്‍. അദ്ദേഹം ആത്മാര്‍ത്ഥമായാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമാണ് അത് മനസിലാകാത്തതതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇപ്പോള്‍ പ്രതിക്കൂട്ടിലുള്ളത് പ്രതിപക്ഷമാണ്. ശബരിമല പറഞ്ഞ് ഇനി വോട്ട് പിടിക്കാന്‍ പറ്റില്ല. 110 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നും അത് മനസിലാക്കിയാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button