KeralaNews

‘കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റി’: മുഖ്യമന്ത്രി

കിഫ്ബിയിലൂടെ കേരളത്തിന്റെ നിരവധി ആവശ്യങ്ങൾ നിറവേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിൻറെ സാക്ഷ്യപത്രം കാണാം. വിദ്യാഭ്യാസ രംഗത്തും കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ് എന്നും കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസ്സം സാമ്പത്തിക പ്രശ്നമായിരുന്നു. ബജറ്റിന് പുറത്ത് ധനസ്രോതസ്സ് ഉണ്ടെങ്കിലേ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ. അത്തരം ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മഞ്ചേശ്വരം മുതൽ ഇങ്ങോട്ട് നോക്കിയാൽ ദേശീയപാത നല്ല നിലയിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്നു. ഒരു കാലത്തും പണി പൂർത്തിയാകില്ല എന്ന പൊതുവായ ചിന്തയിലായിരുന്നു നാട്ടിലെ ജനങ്ങൾ. അവിടെയും പണത്തിന്റേതായ പ്രശ്നം വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഒരു സംസ്ഥാനത്തോടും ആവശ്യപ്പെടാത്ത കാര്യം ദേശീയപാത അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് കൊടുക്കണം എന്നായിരുന്നു ആവശ്യം. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നൽകാം എന്ന് പിന്നീട് ധാരണയിൽ എത്തേണ്ടി വന്നു. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും, യൂണിവേഴ്സിറ്റികൾക്കും പണം നൽകുന്നത് കിഫ്ബി ഫണ്ടിൽ നിന്നാണ്. ഇതേ കിഫ്ബിയിൽ നിന്നും തന്നെയാണ് കൊച്ചിൻ ക്യാൻസർ സെന്ററിനും പണം നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button