National

ബലൂചിസ്ഥാനിലെ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം

ഡൽഹി: ബലൂചിസ്ഥാനിലെ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് ഇന്ത്യക്കെതിരെ ആരോപണമുന്നയിക്കലെന്ന് ഇന്ത്യ തിരിച്ചടിച്ചു. പാക് ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, പാകിസ്ഥാൻ സ്വന്തം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.

ഓരോ തവണയും അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ നിസ്സാരമായ അവകാശവാദങ്ങൾ പറയുന്നതിനുപകരം, ഈ മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനം എന്നിവയുടെ ചരിത്രം എല്ലാവർക്കും അറിയാമെന്നും ഇന്ത്യൻ പ്രസ്താവനയിൽ പറയുന്നു.

ജനുവരി 31 ശനിയാഴ്ച ബലൂചിസ്ഥാനിൽ 14 നഗരങ്ങളിലായി 48 വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി അവകാശപ്പെട്ടിരുന്നു. എന്നാൽ ഓപ്പറേഷൻ ഹീറോഫ് 2.0 ന്റെ ഭാഗമായി ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്വറ്റ, നോഷ്‌കി, മസ്‌തുങ്, ദൽബന്ദിൻ, കാലാട്ട്, ഖരൻ, പഞ്ച്ഗുർ, ഗ്വാദർ, പസ്‌നി, ടർബത്ത്, തുമ്പ്, ബുലേദ, മാംഗോച്ചാർ, ലാസ്‌ബെല, കെച്ച്, അവറാൻ എന്നിവിടങ്ങളിൽ ശത്രുവിൻ്റെ സൈനിക, ഭരണ, സുരക്ഷാ സംവിധാനങ്ങൾ ഒരേസമയം ലക്ഷ്യമിട്ടതായി ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ, അധിനിവേശ പാകിസ്ഥാൻ സൈനികർ, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, സിടിഡി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 84 പേരെ കൊലപ്പെടുത്തിയെന്നും ബിഎൽഎ അറിയിച്ചു. 18 പേരെ ജീവനോടെ പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button