രാഹുലിന് എതിരായ മൂന്നാം കേസില്‍ അതിജീവിതയ്ക്കെതിരെ ഫെന്നി നൈനാന്; വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത്

തിരുവനന്തപുരം: ബലാത്സംഗ കേസുകളില്‍ പ്രതിയായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരിടുന്ന മൂന്നാമത്തെ കേസിലെ പരാതിക്കാരിയ്ക്കെതിരെ രാഹുലിന്റെ വിശ്വസ്തന് ഫെന്നി നൈനാന് രംഗത്ത്. പരാതിക്കാരിയുമായി രണ്ടുമാസം മുമ്പ് വരെ ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെന്ന വാദവുമായി ഫെന്നി ഫേസ്ബുക്കില്‍ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു.
പരാതിക്കാരിയുടെ പേര് അടക്കം തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഒഴിവാക്കിയ രീതിയിലാണ് സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നത്. യുവതി രാഹുലിനെ വ്യക്തിപരമായി കാണണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഫെന്നിയുടെ വാദം. ഓഫീസില്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യമായി കാണണമെന്ന നിലപാടാണ് യുവതി വ്യക്തമാക്കിയതെന്നും ഫെന്നി പറഞ്ഞു.
രാത്രിയായാലും പ്രശ്നമില്ലെന്ന് പരാതിക്കാരി അറിയിച്ചുവെന്നും, രാഹുലിന്റെ ഫ്ലാറ്റില്‍ കാണാം എന്ന നിര്‍ദ്ദേശവും നല്‍കിയതായും ഫെന്നിയുടെ ആരോപണം. ഫ്ലാറ്റില്‍ സമയം കിട്ടാത്ത പക്ഷം ഡ്രൈവ് പോവാന്‍ ആവശ്യപ്പെട്ടുവെന്നും എംഎല്‍എയുടെ വാഹനം വേണ്ട എന്നും പരാതിക്കാരി പറഞ്ഞുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.



