KeralaNews

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം ; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, സമഗ്ര അന്വേഷണം

വട്ടിയൂര്‍ക്കാവ് എംഎൽഎ വി കെ പ്രശാന്തിന്‍റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തീരുമാനം. ‌‌

വാടകക്ക് നൽകിയതിന്‍റെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകൾ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാർത്ഥ വാടക്കാരല്ല ഇവ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.പല വാണിജ്യ സ്ഥാപനങ്ങളും തലമുറകൾ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം.

മാസത്തിൽ 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വൻ തുകക്ക് മറിച്ചു നൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തൽ.കുറഞ്ഞ വാടകക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം. വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിൽ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നൽകുന്നതിൽ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button