KeralaNews

കെ സുരേന്ദ്രന്റെ ‘നാമധാരി’ പരാമർശത്തിനെതിരെ വി ശിവൻകുട്ടി

ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർ മാത്രമാണെന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സുരേന്ദ്രന്റെ പരാമർശം തികച്ചും അപലപനീയമാണ്. ഇത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ്. മന്ത്രി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണ് സുരേന്ദ്രന്റെ പ്രസ്താവന. ജനാധിപത്യ പ്രക്രിയയിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്.

കേരളം സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ്. ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ല. നമ്മുടെ സമൂഹം, വർണ്ണ-ജാതി വിവേചനങ്ങളിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ, ഇത്തരം പരാമർശങ്ങൾ സാമൂഹിക ഭിന്നത വളർത്താനേ ഉപകരിക്കൂവെന്നും വി ശിവൻകുട്ടി പറഞ്ഞു.

പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രം എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. കൊടിക്കുന്നിൽ സുരേഷ്, പി കെ ബിജു എന്നിവരുടെ ചിത്രം ചേർത്തായിരുന്നു സുരേന്ദ്രന്റെ പരാമർശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button