ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രായമായവരില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉണ്ടാക്കില്ലെന്ന് പഠനം

0

കറണ്ട് ബില്ല് മുതല്‍ സിനിമ ടിക്കറ്റ് ബുക്കിങ് വരെ ഓണ്‍ലൈന്‍ ആയി ചെയ്യുന്ന ഡിജിറ്റല്‍ കാലമാണിത്. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് തന്നെ പറയാം. സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള വയുടെ അമിത ഉപയോഗത്തില്‍ ചെറുപ്പക്കാര്‍ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വരാറുണ്ടെങ്കിലും മുതിര്‍ന്ന തലമുറയിലും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ആസക്തിയും പെരുമാറ്റ വ്യത്യാസങ്ങളും ഉണ്ടാക്കുമെങ്കില്‍ മുതിര്‍ന്നവരില്‍ ഇത് നേരെ തിരിച്ചാണെന്ന് സമീപകാല പഠനം തെളിയിക്കുന്നു.

ഓസ്റ്റിനിലെ ബെയ്‌ലര്‍ സര്‍വകലാശാലയും ടെക്‌സസ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ പ്രായമായവരിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പ്രായമായവരില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഡിജിറ്റല്‍ ഡിമെന്‍ഷ്യ (Digital Dementia) ഉണ്ടാക്കുന്നതായി തെളിവുകളില്ലെന്ന് നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഡിജിറ്റല്‍ ഗാഡ്ജറ്റുകളുമായുള്ള സമ്പര്‍ക്കം പ്രായമായവരുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു

സാങ്കേതികവിദ്യ തലച്ചോറിന്റെ വികാസത്തെ സ്വാധീനിക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. എന്നാല്‍ പ്രായമായവരുടെ തലച്ചോറില്‍ അതിന്റെ സ്വാധീനം വ്യക്തമായിരുന്നില്ല. നാഡീ മനഃശാസ്ത്രജ്ഞരായ ജാരെഡ് ബെഞ്ചും മൈക്കല്‍ സ്‌കുള്ളിനും നടത്തിയ പഠനത്തില്‍ മുന്‍കാല പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിച്ച് ഗവേഷകര്‍ ഒരു മെറ്റാ അനാലിസിസ് നടത്തിയിരുന്നു. 50 വയസിനു മുകളിലുള്ളവരില്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും വൈജ്ഞാനിക തകര്‍ച്ച അല്ലെങ്കില്‍ ഡിമെന്‍ഷ്യയുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചും വിശകലനം നടത്തി.

4,11,000-ത്തിലധികം മുതിര്‍ന്നവരില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 57 പഠനങ്ങളാണ് നടത്തിയത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത 58 ശതമാനം കുറയ്ക്കുന്നതുമായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here