KeralaNews

‘ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍’; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രോഗ്രസ് റിപ്പോര്‍ട്ട്

ദേശീയ പാത നിര്‍മാണവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ്, ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ദിനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്‍ഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്ന റിപ്പോര്‍ട്ടാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും നവകേരള സൃഷ്ടിക്കായുള്ള സമഗ്രമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖവുരയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് പുറമെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളെ കുറിച്ചും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒന്‍പത് ഭാഗങ്ങളാക്കി തിരിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

‘ദേശീയപാത വികസനം നല്ല നിലയില്‍ നടക്കുകയാണ്. അപ്പോഴാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. തകര്‍ച്ചയില്‍ ഗൗരവമായ പരിശോധന നടത്തും. അത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് അല്ല നടത്തുന്നത്. ദേശീയ പാതയുടെ നിര്‍മാണ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ വെക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് കാലത്ത് എല്ലാ നിലയിലും നാടിന് വലിയ പുരോഗതി ഉണ്ടായെന്നും കേരളത്തിന്റെ മാറ്റം ജനം സ്വീകരിക്കുന്നതാണ് മഹാറാലിയിലെ ജനകൂട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫും ബിജെപിയും നാട്ടില്‍ എന്തോ സംഭവിച്ചു എന്ന മട്ടില്‍ ആഘോഷിക്കുകയാണ്. എല്‍ഡിഎഫ് ആയതുകൊണ്ട് മാത്രമാണ് ഇത്രയും പുരോഗതി ഉണ്ടായത്. സാങ്കേതിക പിഴവുകളാണ് നിര്‍മാണത്തില്‍ സംഭവിച്ചത്. ചില ഇടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നതുകൊണ്ട് ദേശീയ പാത ആകെ തകരാറില്‍ എന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button