
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍. കുറച്ചുനാളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
അതിനിടെ തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ സിപിഐഎം പുറത്താക്കി. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്. 2008 മുതല്‍ ഉള്ളൂരില്‍ നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍.
വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കടകംപള്ളി പറഞ്ഞുപറ്റിച്ചുവെന്നും തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദേശം നല്‍കിയശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്ല്യാണത്തിന് പോകാനല്ലല്ലോയെന്നും ശ്രീകണ്ഠന്‍ വിമര്‍ശിച്ചിരുന്നു.



