CrimeHealth

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; അനസ്‌തേഷ്യയിലെ അപാകതയെന്ന് ബന്ധുക്കള്‍

തൃശൂര്‍ ചാലക്കുടിയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതുവാണ് മരിച്ചത്. 31 വയസ്സായിരുന്നു. പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ഒൻപത് ദിവസം മുൻപ് ചാലക്കുടിയിലെ പാലസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കു പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുന്‍പ് നല്‍കിയ അനസ്‌തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സാപ്പിഴവ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നീതുവിന്റെ ബന്ധുക്കള്‍ ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലാപ്രോസ്കോപ്പിക് സര്‍ജറി…

ളരെ സാധാരണമായി നടക്കാറുള്ള സര്‍ജറിയായതിനാല്‍ തന്നെ ലാപ്രോസ്കോപിക് സര്‍ജറിയെ എല്ലാവരും മൈനര്‍ സര്‍ജറി അഥവാ അത്രകണ്ട് പേടിക്കാനില്ലാത്ത ചെറിയ ശസ്ത്രക്രിയയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മൈനര്‍ സര്‍ജറിയല്ല, മേജര്‍ സര്‍ജറി തന്നെയാണ്.

മേജര്‍ സര്‍ജറി എന്നാല്‍ ‘കോംപ്ലിക്കേഷൻസ്’ ഉള്ളത് എന്നര്‍ത്ഥം. ആന്തരീകമായി പരുക്കോ രക്തസ്രാവമോ എല്ലാം സംഭവിക്കാം. ഇത് രോഗിയെ ഏത് നിലയിലേക്കും കൊണ്ടുപോകാം. അതായത് മരണം വരെ സംഭവിക്കാം. എന്നാലീ റിസ്ക് പേടിച്ച് ആരും ലാപ്രോസ്കോപിക് സര്‍ജറിയില്‍ നിന്ന് പിന്മാറാറില്ല. പല ശസ്ത്രക്രിയകളും ഇതേ സങ്കീര്‍ണകളുടെ സാധ്യത ഉള്ളതാണ്. ഇവ മനസിലാക്കി കൊണ്ട് ഇതിലേക്ക് പോകുകയേ മാര്‍ഗമുള്ളൂ. അതേസമയം ചിലര്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ ലാപ്രോസ്കോപിക് സര്‍ജറി വേണ്ടെന്ന് നിര്‍ദേശിക്കാറുണ്ട്.

ലാപ്രോസ്കോപിക് സര്‍ജറിയെ തുടര്‍ന്നും അണുബാധയ്ക്കും അതുപോലെ കാലിലോ ശ്വാസകോശത്തിലോ രക്തം കട്ടയായി കിടക്കുന്നതിനും എല്ലാം സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് എല്ലാം തന്നെ ജീവന് നേരം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളാണ്. കോംപ്ലിക്കേറ്റഡാകുന്ന കേസുകളില്‍ അവസരോചിതമായ മെഡിക്കല്‍ അറ്റൻഷനിലൂടെ രോഗിയെ രക്ഷിക്കാൻ ഡോക്ടര്‍മാര്‍ക്ക് ശ്രമിക്കാം. എന്നാല്‍ ഇതിനൊന്നും മുഴുവൻ ‘ഗ്യാരണ്ടി’ വാഗ്ദാനം ചെയ്യാനാകില്ല.

മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ കൂടിയാകുമ്പോള്‍ സാഹചര്യം കുറെക്കൂടി മോശമാവുകയാണ് ചെയ്യുക. എന്തായാലും പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ അത്ര നിസാരമല്ലെന്ന് മനസിലാക്കണം. അതേസമയം അതിനെ ഭയപ്പെട്ട് മാറിനില്‍ക്കേണ്ട കാര്യവുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button