
കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ റൂമിൽ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്. കുഞ്ഞിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഉടനെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ച സമയത്തു തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകൾ കണ്ടതോടെ ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് ആശുപത്രിയിൽ എത്തി. യുവതി നിലവിൽ ചികിത്സയിലാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ കുഞ്ഞിന്റെ മരണ കാരണം വ്യക്തമാകൂ. അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.




