News

വഖഫ് ബില്‍; മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമെന്ന് കെ രാധാകൃഷ്ണന്‍ എംപി

മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമാണ് വഖഫ് ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് സിപിഐഎം കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ മലയാളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

‘ ന്യൂനപക്ഷ മന്ത്രി പറഞ്ഞ പോലെ വഖഫ് ബില്‍ കൊണ്ടുവരുന്നത് മുസ്ലിം വിഭാഗത്തിലെ പാവപെട്ടവര്‍ക്ക് വേണ്ടിയോ കുട്ടികള്‍ക്ക് വേണ്ടിയോ സ്ത്രീകള്‍ക്ക് വേണ്ടിയോ അല്ല.

മുസ്ലീങ്ങള്‍ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുക എന്ന വിഭജന തന്ത്രം ഈ ബില്ലിന് പിന്നില്‍ ഒളിഞ്ഞിരുക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പറയാതെ പോകരുത്.

ന്യൂനപക്ഷത്തിലെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാന്‍ ഈ ഗവണ്‍മെന്റിന് താത്പര്യമുണ്ടെങ്കില്‍ ആദ്യം മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഒരോ വര്‍ഷവും മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് കുറയ്ക്കുകയാണ്. ലക്ഷ്യം മുസ്ലീം കുട്ടികളുടെ വളര്‍ച്ചയല്ല. തകര്‍ച്ച തന്നെയാണ്.

ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടക്കുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ബില്‍ ഉദ്ദേശിക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. മറ്റ് മതങ്ങളോട് നിങ്ങള്‍ ഈ സമീപനം സ്വീകരിക്കുമോ..

കേരളത്തില്‍ ദേവസ്വം ബോര്‍ഡുണ്ട്. ഒരിക്കല്‍ കേരളം ദേവസ്വം ബോര്‍ഡില്‍ ഒരു മെംബറുടെ പേര് കൃസ്ത്യന്‍ പേരുമായി സാമ്യം വന്നു. അത് കൃസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തിലുണ്ടായി. 1987ല്‍ അന്ന് ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുകള്‍ക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞു അവര്‍ വലിയ സമരം നടത്തി.

ഒരോ മതവിഭാഗത്തിനും അവരുടെ താത്പര്യം സംരക്ഷിക്കാന്‍ അവസരം ഉണ്ടാവണം. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നമ്മുടെ നാട് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button