
വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി എം വിനു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ സ്ഥിരീകരണം പുറത്തുവന്നിരുന്നു. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എആര്‍ഒ അറിയിച്ചു. ഇതോടെ വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ് വെട്ടിലായി.
വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എആര്‍ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഇതോടെ വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രതിസന്ധിയിലായി. അതേ സമയം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നും വോട്ട് ചോരിയാണ് നടക്കുന്നതെന്നുമുള്ള വാദം ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.




