
മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന്‍ (76) അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്.
ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-95 കാലയളവിലാണ് കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചത്.കെഎസ്‌വൈഎഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടി പി ദാസന്‍ ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനും കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്നു. 1992 മുതല്‍ 1994 വരെ കോഴിക്കോട് മേയറായിരുന്നു. 1996 മുതല്‍ 2001 വരെ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായിരുന്നു. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് ടി പി ദാസന്‍.
1950 ജൂണ്‍ ഒന്നിന് കൊയിലാണ്ടിയിലാണ് ടി പി ദാസന്‍ ജനിച്ചത്. കാരയാട് എല്‍പി, കല്‍പ്പത്തൂര്‍ യുപി, മേപ്പയൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമ നേടി. പഠനശേഷം തളി ഗവ. യുപി സ്‌കൂളില്‍ താല്‍ക്കാലിക കായികാധ്യാപകനായി ജോലി ചെയ്തു. 1973-ല്‍ അധ്യാപക സമരത്തില്‍ ജയിലിലായതോടെ ജോലി നഷ്ടമായി. ടി വി ലളിതയാണ് ഭാര്യ. മക്കള്‍ മിലി, മിനി, മിഥുന്‍. മരുമക്കള്‍. ബൈജു, സജീഷ്, നീതു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മാവൂർ റോഡ് ശ്മാശനത്തിൽ നടക്കും. മൃതദേഹം നിലവിൽ സഹകരണ ആശുപത്രി മോർച്ചറിയിലാണ്.




