സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കി. സുരക്ഷയെ ബാധിക്കുന്നതും അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതുമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ ചില നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മിതമായ പരിഷ്‌കാരങ്ങൾ അനുവദിക്കാമെങ്കിലും ശബ്‌ദം വർധിപ്പിക്കുന്നതോ, അമിത വെളിച്ചം പുറപ്പെടുവിക്കുന്നതോ, തീപ്പൊരി പറത്തുന്ന തരത്തിലുള്ള മാറ്റങ്ങളോ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഡിഫിക്കേഷനുകൾ ചെയ്യുന്നവർ സ്വയം പരിധി നിശ്ചയിക്കണമെന്നും നിയമലംഘനത്തിൽ വലുതോ ചെറുതോ എന്ന വ്യത്യാസം കാണാനാകില്ലെന്നും മന്ത്രി പറഞ്ഞു. മോഡിഫിക്കേഷനുകൾക്ക് ചുമത്തേണ്ട ഫീസുകളും ചാർജുകളും സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




