KeralaNews

‘ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്’ ; ഗവർണർക്കെതിരെ മുഖ്യമന്ത്രി

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായി. അന്നും അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോ​ഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്എഫ്ഐയുടെ സമരത്തിന് പിന്നാലെ, കാലടി വിസി സിസ തോമസിന്റെ പരാതിക്ക് പിന്നാലെയാണ് ​ഗവർണർ ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്.

കൊച്ചി ഷിപ്പ്‌യാർഡിന് ഷിപ്പ് ബ്ലോക്ക് നിർമ്മാണത്തിനായി 18.16 ഏക്കർ ഭൂമി വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിലൂടെ പ്രതിവർഷം 1.70 കോടി രൂപ ലീസ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നതിനൊപ്പം 50,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും ഇനി ഒരു മാസവും പെൻഷൻ മുടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോണസും അഡ്വാൻസും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക അനുവദിച്ചതിനൊപ്പം ഓണക്കിറ്റ് വിതരണവും തടസ്സമില്ലാതെ മുന്നോട്ടുപോകുവ്വു. കർഷകരുടെ നെല്ല് സംഭരണ കുടിശ്ശിക തീർപ്പാക്കുന്നതിനായി സപ്ലൈകോയ്ക്ക് 150 കോടി രൂപയും കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലിയോണൽ മെസിയുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു. ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജി.എസ്.ടി തട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾ നിയമാനുസൃതമാണെന്നും സ്ഥലംമാറ്റത്തിന്റെ പേരിൽ ആരും ആത്മഹത്യ ചെയ്തതായി അറിയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. മുൻ സർക്കാർ ഭാര്യയെയും ഭർത്താവിനെയും കാസർകോടേക്കും തിരുവനന്തപുരത്തേക്കും സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകിയിട്ടില്ലെന്നും ഓണത്തിനുശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button