ഇറാൻ ചർച്ചകളിൽ ട്രംപിന് കനത്ത തിരിച്ചടി; ആണവ-മിസൈൽ വാദങ്ങൾ കൈവിട്ട് അമേരിക്ക; ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

വാഷിംഗ്ടൺ/ടെഹ്റാൻ: ‘നിരുപാധികമായ കീഴടങ്ങൽ അല്ലാതെ ഇറാനുമായി യാതൊരു കരാറുമില്ല’ എന്ന് പ്രഖ്യാപിച്ച് ആഴ്ചകൾ തികയും മുൻപ് നിലപാടുകൾ പൂർണ്ണമായും തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായി ഇല്ലാതാക്കുക, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക, സമ്പുഷ്ട യുറേനിയം യുഎസിന് കൈമാറുക തുടങ്ങിയ തങ്ങളുടെ മുൻകാല കർശന ആവശ്യങ്ങളിൽ നിന്നെല്ലാം അമേരിക്ക ചർച്ചകളിൽ ഏറെ പിന്നോക്കം പോയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരാൻ പോകുന്ന കരാർ വിപ്ലവകരമാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ചർച്ചകളിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രമുഖ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ ട്രംപിന് തിരിച്ചടിയാകുന്നതാണ്.
ആണവ ഭീഷണിയല്ല, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം:
ശാശ്വത സമാധാനമോ, ആണവ തർക്കങ്ങളോ, മിസൈൽ പ്രശ്നങ്ങളോ ഒന്നും ഇപ്പോൾ ചർച്ചാമേശയിലില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു:
- താൽക്കാലിക ക്രമീകരണം മാത്രം: ലോകത്തിലെ നാലിലൊന്ന് എണ്ണ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറക്കുക എന്ന ഒറ്റ വ്യവസ്ഥയിലേക്ക് അമേരിക്കൻ ആവശ്യങ്ങൾ ചുരുങ്ങിയിരിക്കുന്നു. ഇതിന് പകരമായി, ഇറാൻ ആവശ്യപ്പെടുന്നതുപോലെ അവർക്കുമേൽ ചുമത്തിയ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്ക തയ്യാറാകും.
- പരമാധികാരിയുടെ അനുമതി വേണം: ഇതൊരു സമഗ്രമായ സമാധാന കരാറല്ല, മറിച്ച് ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള താൽക്കാലിക ക്രമീകരണം മാത്രമാണ്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ ഈ വ്യവസ്ഥകൾ ഇനി ഇറാന്റെ പരമാധികാരിയായ മുജ്തബ ഖമേനിയും ഡൊണാൾഡ് ട്രംപും ഒപ്പുവെച്ചാൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.
തിരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് ട്രംപ്; ഇറാനും ലോകത്തിനും ആശ്വാസം:
അമേരിക്കൻ ആവശ്യങ്ങൾ ‘പവനായി ശവമായ’ അവസ്ഥയിലാണെങ്കിലും നിലവിലെ ആഭ്യന്തര സാഹചര്യം കണക്കിലെടുക്കുമ്പോൾ ട്രംപിന് ഈ താൽക്കാലിക കരാർ ഒരു കച്ചിത്തുരുമ്പാണ്.
- അമേരിക്കയിലെ ഇന്ധന പ്രതിസന്ധി: നിലവിൽ അമേരിക്കയിൽ ഗ്യാസോലിൻ വില ഗാലന് 4.50 ഡോളറിനടുത്ത് എത്തിനിൽക്കുകയാണ്. ഭൂരിഭാഗം അമേരിക്കൻ ജനതയും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗവും യുദ്ധത്തിന് എതിരാണ്. വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാണെന്ന തിരിച്ചറിവിലാണ് പേരിനെങ്കിലും ഒരു കരാറുണ്ടാക്കി തടിതപ്പാൻ ട്രംപ് ശ്രമിക്കുന്നത്.
- ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനം: എണ്ണ വരുമാനം നിലച്ച് തകർച്ചയുടെ വക്കിലെത്തിയ ഇറാന് ഈ കരാർ വലിയ ആശ്വാസമാകും. ഭീഷണിപ്പെടുത്തിയുള്ള വൻ കരാറുകളിൽ ഒപ്പിടാതെ തന്നെ തങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകാൻ ഇറാന് ഇതിലൂടെ സാധിക്കും. ഹോർമുസ് പാത തുറക്കുന്നതോടെ ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ശമനമാകുമെന്നത് ലോകരാജ്യങ്ങൾക്കും വലിയ ആശ്വാസമാണ്.
പിന്നെന്തിനായിരുന്നു ഈ കൊടും യുദ്ധം?
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചപ്പോൾ ഇരുരാജ്യങ്ങളും ഏത് അവസ്ഥയിലായിരുന്നോ, ഏതാണ്ട് അതേ അവസ്ഥയിലേക്ക് കാര്യങ്ങൾ വീണ്ടും തിരിച്ചെത്തുകയാണ്. ഇരുപക്ഷത്തിനും വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്ന ഈ താൽക്കാലിക കരാർ നടപ്പിലായാൽ പോലും, ഇത്രയും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ച ഈ യുദ്ധം കൊണ്ട് ആർക്കാണ് എന്ത് നേട്ടമുണ്ടായതെന്ന ചോദ്യം അമേരിക്കൻ ജനതയും ലോകവും ഒരേപോലെ ഉയർത്തുന്നുണ്ട്.



