
തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്.പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു.
ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞയിലും അനിശ്ചിതത്വം തുടരുന്നു. നിലവിൽ, കോൺഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്. അതിനിടെ, കൂടുതൽ നാടകീയ നീക്കങ്ങളും തുടരുകയാണ്. എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. എഎംഎംകെയുടെ വ്യാജ പിന്തുണ കത്ത് ടിവികെ ഗവർണർക്ക് നൽകി എന്നാരോപിച്ച് പൊലീസിൽ ടിടിവി ദിനകരൻ പരാതിയും നൽകിയിട്ടുണ്ട്.
താന്‍ എഐഎഡിഎംകെയെ ആണ് പിന്തുണയ്ക്കുന്നതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എടപ്പാടി പളനിസ്വാമിയെ പിന്തുണച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. എഎംഎംകെ എംഎല്‍എ കാമരാജും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി സെക്രട്ടറി മുഖേന അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ‘ടിവികെയുടെ കൈവശമുളള കത്ത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കൈവശമുള്ള കത്തിലും കാമരാജിന്‍റെ പേരുണ്ട്. ഒരുപക്ഷേ അത് കെട്ടിച്ചമച്ച ഒന്നാകാം. അല്ലെങ്കില്‍ കുതിരക്കച്ചവടമാകാം. ഞാന്‍ എന്റെ എംഎല്‍എയെ വിളിച്ചു. പക്ഷെ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ല’, ടിടിവി ദിനകരന്‍ പറഞ്ഞു.




