InternationalNews

സമാധാന കരാര്‍ ധാരണയായി ; ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

സമാധാന കരാര്‍ ധാരണയായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് തുറന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അറിയിച്ചിട്ടുണ്ട്. എ ബി സി ചാനലിന്റെ ഗുഡ് മോണിങ് അമേരിക്കയിലാണ് വാന്‍സിന്റെ വെളിപ്പെടുത്തല്‍. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.

എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന്‍ ചുമത്തുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഹോര്‍മുസ് തുറന്നതായും ‘ടോള്‍ ഫ്രീ’ ആയി സഞ്ചരിക്കാമെന്നുമാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് തുറന്നതില്‍ എല്ലാവരേയും അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ഇറാന്‍ -അമേരിക്ക കരാര്‍ യാഥാര്‍ഥ്യമായതിനെ കുറിച്ച് ആദ്യം എക്‌സിലൂടെ അറിയിച്ചത്. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യം ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് ടോള്‍ രഹിതമായി തുറക്കുന്നതിന് അംഗീകാരം നല്‍കുന്നതായും , ഇറാന്റെ തുറമുഖങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതായും ട്രംപ് വ്യക്തമാക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ ഹോര്‍മുസ് തുറന്നതായും കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായും ട്രംപിന്റെ പുതിയ പോസ്റ്റ്. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button