
തമിഴക വെട്രി കഴകം ( ടിവികെ ) നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടികയും വിജയ് ഗവർണർക്ക് കൈമാറി. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ട്.
വിജയ്‌ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് ടിവികെയ്ക്ക് നൽകിയിരിക്കുന്നത്. 5 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാരെ ഉൾപ്പെടുത്താം.
അതിനിടെ പട്ടാളി മക്കൾ കച്ചിയിലെ 4 എംഎൽഎമാർ വിജയ് യെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്‍കണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണ വേണം. ടിവികെയ്ക്ക് നിലവിൽ 107 അംഗങ്ങളാണുള്ളത്.




