അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്താരാഷ്ട്ര ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് എന്നതിലുപരി ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ട്രംപിനോടുള്ള പാര്‍ട്ടിയുടെ നയം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം തീരുമാനിക്കുമെന്ന് എം.എ. ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
”അമേരിക്കയുടെ പ്രസിഡന്റ് എന്ന ഭാവത്തിലല്ല, ലോകത്തിന്റെ പ്രസിഡന്റ് താനാണെന്ന മട്ടിലാണ് ട്രംപിന്റെ നീക്കങ്ങള്‍. വരും ദിവസങ്ങളില്‍ ഇത് എങ്ങനെ വെളിപ്പെടുമെന്ന് നിരീക്ഷിച്ച ശേഷം പാര്‍ട്ടി ഉചിതമായ നിലപാട് സ്വീകരിക്കും. കേന്ദ്ര കമ്മിറ്റി യോഗം ചേരുമ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” എം.എ. ബേബി പറഞ്ഞു.
ഇന്ത്യയിലും ലോകത്തും നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോ വിശദമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഗുരുതരമായ സാഹചര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. എന്നാല്‍, ഈ ഐക്യത്തെ വര്‍ഗീയമായി ദുരുപയോഗം ചെയ്യാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണം. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിച്ചു. ഈ ഐക്യം രാജ്യത്ത് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും എം.എ. ബേബി വ്യക്തമാക്കി.