
ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്.
വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ ഡയറിയിൽ നിന്ന് ലോഡുകളായി കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറ്റ് വിപണികളിൽ മറിച്ചുവിറ്റ ശേഷം തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിക്കുകയായിരുന്നു എന്നാണ് പ്രധാന ആക്ഷേപം. ഏകദേശം എഴുപതിനായിരത്തോളം ലിറ്റർ നെയ്യ് ഇത്തരത്തിൽ മറിച്ചുവിറ്റതായി കണക്കാക്കുന്നു.



