പോത്തന്‍കോട് (തിരുവനന്തപുരം) : ഞാന്‍ വിശ്വസിക്കുന്ന മതം സാഹോദര്യത്തിന്റെയും സത്യത്തിന്റെയും സൌഹൃദത്തിന്റേതുമാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. ഈ മൂന്ന് കാര്യങ്ങളുമാണ് ഈ കാലഘട്ടത്തില്‍ ആവശ്യം. പഹല്‍ഗാം സംഭവത്തിനു പിന്നിലും മതത്തിന്റെ അടിസ്ഥാനത്തിലുളള തെറ്റായ ചിന്തകളാണ്. മതത്തിന് ഒരു പുതിയ അര്‍ത്ഥമുണ്ടെന്ന് കണ്ടെത്തി അതിന്റെ ശരിക്കുളള സന്ദേശം എന്താണെന്നറിയണമെങ്കില്‍ ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊളളണമെന്ന് ഡോ.ശശി തരൂര്‍ എം.പി.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഇരുപത്തിയാറാമത് നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ശ്രീകരുണാകരഗുരു ഒരു ആത്മീയആചാര്യന്‍ മാത്രമായിരുന്നില്ല ലോകത്തിന് ഒരു പുതിയ വാതില്‍ തുറന്നു തന്ന മഹാഗുരുവാണ്. ശാസ്ത്രത്തെയും ആത്മീയതയെയും കോര്‍ത്തിണക്കി ഒരു നവീന ആശയം ഗുരു ലോകത്തിന് സമ്മാനിച്ചു. അത് തത്വചിന്തകള്ക്കപ്പുറം ജീവിതത്തില്‍ പകര്‍ത്താനും ലോകത്ത് എല്ലായിടത്തും പ്രാവര്‍ത്തികമാക്കാനും കഴിയുന്നതാണ്. മനസ്സില്‍ സമാധാനവും ജീവിതത്തില്‍ സാഹോദര്യവും പുലര്‍ത്തണമെങ്കില്‍ അവനവനിലെ ആന്തരിക വെളിച്ചം കണ്ടെത്തി മുല്യങ്ങളിലൂടെ ജീവിക്കാന്‍ സാധിക്കണം. സ്നേഹം, കരുണ, ധാര്‍മ്മികത ഇതിന്റെയൊന്നും അര്‍ത്ഥം ശാസ്ത്രത്തില്‍ കണ്ടെത്താനാവില്ലെന്നും എം.പി. പറഞ്ഞു
ലഹരിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മോശം സാഹചര്യമുണ്ടായിരുന്നത് പണ്ട് പഞ്ചാബിലായിരുന്നെങ്കില് ഇന്ന് അത് കേരളത്തിലാണ്. പുതുതലമുറയെ എങ്ങനെ മുന്നോട്ടുപോകണമെന്ന് ആര്‍ക്കും അറിയില്ല. കാലത്തിന്റെ വെല്ലുവിളി നേരിടാന്‍ പുതിയവഴി കണ്ടുപിടിക്കണമെങ്കില്‍ ലഹരിക്ക് പിറകേ പോകാതെ ഗുരുക്കന്മാരുടെ ദര്‍ശനങ്ങളെ പിന്തുടര്ന്നാല് മതിയാകും. ആധുനിക ലോകത്ത് ആത്മീയത എങ്ങനെ പുലര്‍ത്തണമെന്ന് ശ്രീകരുണാകരഗുരു നമ്മെ പഠിപ്പിച്ചുവെന്നും ഗുരുവിന്റെ ആദ്ധ്യാത്മിക പാരമ്പര്യം ലോകത്തിന് വെളിച്ചമാണെന്നും ഗുരുവിന്റെ ആദിസങ്കല്‍പ്പ ലയനദിനം ഭാവിയില്‍ ലോകം മുഴുവന്‍ സര്വ്വമംഗളസുദിനമായി ആഘോഷിക്കുമെന്നും എം.പി. അഭിപ്രായപ്പെട്ടു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ ആഭിമുഖ്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും പഹല്‍ഗാമില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു. പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ചെമ്പഴന്തി ശ്രീനാരയണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, സീറോ മലങ്കരസഭ ഓക്സിലറി ബിഷപ്പ് ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫെറാന ചര്‍ച്ച് വികാരി ജനറല്‍ ഫാദര്‍ ജോണ്‍ വര്‍ഗ്ഗീസ് തെക്കേക്കര, ഐത്തല സെന്റ്കുര്യാക്കോസ് വികാരി ഫാ. അനൂപ് സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.
ആര്‍ട്സ് & കള്‍ച്ചര്‍ മേധാവി സ്വാമി ഗുരുസവിധ് , അഡ്വ. എം.വിന്‍സെന്റ് എം.എല്‍.എ, സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, മുന്‍ എം.എല്‍.എ എം.എ. വാഹിദ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്. അനില്‍കുമാര്‍, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.മധുപാല്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ചെയര്മാന് ജ്യോതിസ് ചന്ദ്രന്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ആര്. സഹീറത്ത് ബീവി, വികസനകാര്യ സമിതി ചെയര്മാന് എം.അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്, ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജനറല്‍ സെക്രട്ടറി എം.ബാലമുരളി, മഹിള കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ദീപ അനില്‍, ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളായ മനോജ് മാത്തന്, എസ്. ദീപ ദത്തന്, വി.ജെ. മനു, ഇന്ദു മോഹന്‍ എന്നിവര്‍ സംസാരിച്ചു.ഗവേഷകനും ആത്മീയ പ്രവര്‍ത്തകനുമായ ഡോ. ദിലിപ് അമിന്റെ interfaith Marriage എന്ന പുസ്തകത്തിന്റെ പി ആര് മുകുന്ദന് നടത്തിയ മലയാളപരിഭാഷ ”മിശ്രമത വിവാഹം: പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
രാവിലെ 5 ന് പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലിയോടെ ജ്യോതിര്‍ദിനം ചടങ്ങുകള്‍ ആരംഭിച്ചു. 6 ന് ആരാധനയും ധ്വജാരോഹണവും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗുരുഭക്തര്‍ താമരപ്പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും ഉച്ചയ്ക്ക് അന്നദാനവും നടന്നു. സഹകരണമന്ദിരത്തില്‍ ഗുരുനിശ്ചിതയുടെ ഭരതനാട്യം, കരുണന്റെ ചെണ്ടമേളം അരങ്ങേറ്റവും നടന്നു.