മുനമ്പത്ത് ആരെയും കുടിയിറക്കില്ല, പ്രശ്നം പരിഹരിക്കും; മുൻ സർക്കാർ തന്നത് ‘എട്ടിന്റെ പണി’യെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം
കൊച്ചി മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.
മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ലെന്നും മതേതര കേരളത്തെയാണെന്നും പറയുന്നു. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണെന്നും തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും എഡിറ്റോറിയലിൽ പറയുന്നു.



