KeralaMediaNews

‘അതി ജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു’ സുരേഷ് ഗോപിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പെരുമാറിയെന്നാണ് കുറ്റപത്രം. കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്.

ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. തുടരന്വേഷണത്തില്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് ചേര്‍ത്തുകയായിരുന്നു. മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്ന കുറ്റത്തിനുള്ള 354 വകുപ്പാണ് ചേര്‍ത്തത്. കേരള പൊലീസ് ആക്ട് 119 എയും ചേര്‍ത്തു. പൊതു സ്ഥലത്ത് സ്ത്രീകളോട് ലൈഗിംക ചുവയോടെ പെരുമാറുന്നതിന് ചുമത്തുന്ന വകുപ്പാണിത്.

ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ മാസം 26 നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് എസ് ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ഇക്കഴിഞ്ഞ 27 ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ നേരത്തെ നടക്കാവ് പൊലീസ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button