
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് സണ്ണി ജോസഫ്. ഹൈക്കമാന്‍ഡിനോടാണ് സണ്ണി ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി ജോസഫ് പദവിയൊഴിഞ്ഞാൽ ബെന്നി ബെഹനാന്, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴയ്ക്കന് ഉള്‍പ്പെടെയുളള നേതാക്കളുടെ പേരുകളാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. കെപിസിസിയില്‍ അടിമുടി പുനഃസംഘടനയാണ് എഐസിസി ആലോചിക്കുന്നതെന്നാണ് വിവരം. കെപിസിസിയിലെ മുഴുവന്‍ ഭാരവാഹികളെയും മാറ്റാനാണ് സാധ്യത.
അങ്ങനെയെങ്കിൽ വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാറിനും പി സി വിഷ്ണുനാഥിനും പകരക്കാര്‍ വരും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരും മുന്‍ ആരോഗ്യമന്ത്രി വി എസ് സുനില്‍ കുമാറിന്റെ പേരുമുള്‍പ്പെടെ പരിഗണനയിലുണ്ട്. നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ട് അവസരം ലഭിക്കാതെ പോയ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തിയാകും പുതിയ കെപിസിസി രൂപീകരിക്കുക.




