പെരിയാർ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പെരിയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംയോജിത നദീതട പരിപാലനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പെരിയാർ സംരക്ഷണം പ്ലാനിൽ മാത്രം ഒതുങ്ങരുത് എന്ന് ഹൈകോടതി നിർദേശിച്ചു.
മുഖ്യമന്ത്രി ചെയർമാനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. പെരിയാറിനായി പ്രത്യേക ആക്ഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. പെരിയാറിലെ ജീവനുകളും സംരക്ഷിക്കപ്പെടണമെന്നും അത്തരം നടപടികളിലേക്കും കടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.