
തൃശ്ശൂര്‍ പൂരം കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. തൃശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്തും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സര്‍വീസിനായി റെയില്‍വേ സജ്ജീകരിച്ചിരിക്കുന്നത്.
കൊല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) ഏപ്രില്‍ 26-ന് രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. പ്രധാന സ്റ്റേഷനുകളായ കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ തുടങ്ങി 27 സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തൃശ്ശൂരില്‍ എത്തുന്ന രീതിയിലാണ് ഈ ട്രെയിനിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പൂരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി അന്ന് രാത്രി 9.30ന് തൃശ്ശൂരില്‍ നിന്ന് കൊല്ലം മെമു (06188) പുറപ്പെടും. തൃശ്ശൂരിലെ പ്രധാന സ്റ്റേഷനുകള്‍ കടന്ന് ഏപ്രില്‍ 27 തിങ്കളാഴ്ച പുലര്‍ച്ചെ 02.30ന് ട്രെയിന്‍ കൊല്ലം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.




