ഇംഗ്ലണ്ട് ഏകദിന, സിംബാബ്വേ പരമ്പരകൾക്ക് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടി

മുംബയ് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്വേക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുമായി ബിസിസിഐ. പരിക്കേറ്റ് ടീമിൽ നിന്നും പുറത്തായ ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർക്ക് പകരക്കാരായി പ്രിൻസ് യാദവിനെയും രവി ബിഷ്ണോയിയെയും ടീമിൽ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബിസിസിഐ പ്രസ്താവന സ്ഥിരീകരിച്ചത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20ക്കിടെയാണ് ഹർഷിത് റാണക്ക് വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. സ്കാനിംഗിൽ പരിക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഐപിഎൽ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിനായി മികച്ച പ്രകടനം പുറത്തെടുത്ത പ്രിൻസ് യാദവാണ് ഹർഷിതിന് പകരം ഏകദിന ടീമിലെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും പ്രിൻസിന്റെ ബൗളിംഗ് പ്രകടനം സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.അതേസമയം ട്വന്റി-20 ലോകകപ്പിന് ശേഷം തുടർച്ചയായി പരിക്കിന്റെ പിടിയിൽ അകപ്പെട്ട വരുൺ ചക്രവർത്തിക്ക് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. മൂന്നാം ട്വന്റി-20ക്കിടെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ വരുണിന് സിംബാബ്വേ പര്യടനം നഷ്ടമാകും. വരുണിന് പകരം ലെഗ് സ്പിന്നർ രവി ബിഷ്ണോയിയെ ടീമിൽ ഉൾപ്പെടുത്തും.
രണ്ടുപേരും തുടർചികിത്സകൾക്കായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യും.ഏകദിന സ്ക്വാഡ് (ഇംഗ്ലണ്ട് പരമ്പര):ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), രോഹിത് ശർമ്മ, വിരാട് കൊഹ്ലി , ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടപൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.ട്വന്റി20 സ്ക്വാഡ് (സിംബാബ്വെ പരമ്പര):ശ്രേയസ് അയ്യർ (ക്യാപ്ടൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ)



