കൊച്ചി ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി. 306 കോടി രൂപ ചെലവിൽ അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും. തിരുവനന്തപുരത്ത് ഇന്നുചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ചെല്ലാനം തീരത്ത് 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു.
രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ശാശ്വതമായ പരിഹാര പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
347 കോടി രൂപ ചിലവിലാണ് കിഫ്ബി വഴി ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കടലിന് അഭിമുഖമായി മെഗാ വാക്ക് വേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതായി നിർമ്മിച്ചു. സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് കടൽ ഭിത്തിക്ക് പുറമേ ബസാർ, കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തി പൂർക്കിയാക്കിയിരുന്നുവെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയുന്നു. ശരാശരി നൂറ് കോടി രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.