
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണം കാണാതായ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാരിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.
2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു തുടങ്ങിയവർ സ്വാഭാവിക ജാമ്യം നേടി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു.




