
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെയും ന്യായീകരിക്കാന്‍ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. തന്ത്രിയുടെ അറസ്റ്റ് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ്. വാസവനും കടകംപള്ളിയുമാണ് ജയിലില്‍ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് വാസവന്‍ നല്‍കട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കില്‍ മൂന്നുകാര്യങ്ങള്‍ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സ്റ്റേറ്റ്‌മെന്റ് നല്‍കണം. യുവതി പ്രവേശന കേസുകള്‍ എല്ലാം പിന്‍വലിക്കണം. ഉളുപ്പുണ്ടെങ്കില്‍ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവില്‍ തന്ത്രിയുള്ളത്. ജയിലില്‍ തുടരുമ്പോള്‍ മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ ആന്‍ജിയോഗ്രാമില്‍ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം സ്വര്‍ണക്കൊള്ള കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.




