Kerala

ഹിറ്റ്ലർ പരാമർശത്തിൽ രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്; പ്രസ്താവനകളിൽ അച്ചടക്കം വേണമെന്ന് മുന്നറിയിപ്പ്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്. ഹിറ്റ്ലർ അനുകൂല പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് എഐസിസി വ്യക്തമാക്കി. ഭാവിയിൽ പ്രസ്താവനകളിൽ അച്ചടക്കം വേണമെന്ന് മുന്നറിയിപ്പും നൽകി. സംസ്ഥാനത്തെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള പദ്ധതിക്ക് ഹിറ്റ്ലറുടെ സംഘത്തിന്‍റെ പേരായ ഹൈഡ്ര എന്നാണ് നൽകിയതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. സർക്കാർ ഭൂമിയും തണ്ണീർത്തടങ്ങളും കയ്യേറുന്നവർക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ചതാണ് ഹൈഡ്ര എന്ന ദൗത്യസേന. താൻ പ്രചോദനം ഉൾക്കൊണ്ടത് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറിൽ നിന്നാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമായിരുന്നു.

“ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യ സംഘത്തിന്റെ പേരും ഹൈഡ്ര എന്നായിരുന്നു. ആരെയും കൊലപ്പെടുത്താൻ ശേഷിയുള്ളവരായിരുന്നു അവർ. ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഈ സേനയ്ക്ക് ഹൈഡ്ര എന്ന് പേരിട്ടത്” എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന് നൽകിയ അഭിമുഖത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞത്.

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനുമായി 2024 ജൂലൈയിൽ തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക ഏജൻസിയാണ് ഹൈഡ്ര അഥവാ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെയും പരിസര പ്രദേശങ്ങളിലെയും തടാകങ്ങളും കുളങ്ങളും സർക്കാർ ഭൂമികളും കയ്യേറുന്നത് തടയുകയാണ് ഈ സേനയുടെ പ്രധാന ചുമതല. ഈ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾക്കായി 3000 മുൻ സൈനികരെയും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ ജലാശയങ്ങൾ കയ്യേറാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button