
ഹരിപ്പാട്: കേരളത്തിൽ ഇത്തവണ അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമാണെന്നും ഭരണമാറ്റം ഉറപ്പാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ ഇടതുമുന്നണിയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതാൻ തയ്യാറെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ഹരിപ്പാട്ട് പറഞ്ഞു. രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് മുതിർന്ന നേതാക്കളെപ്പോലും അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി കേരളത്തിന് അപമാനമാണ്. ജി. സുധാകരനെപ്പോലെയുള്ള നേതാക്കളെ ‘ചെറ്റ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അമ്പലപ്പുഴയിൽ തോൽക്കുമെന്ന ഭയം മൂലമാണെന്നും ചെന്നിത്തല പരിഹസിച്ചു.
വനാതിർത്തിയിൽ ബഫർസോൺ ഏർപ്പെടുത്താനുള്ള നീക്കം കർഷകരുടെ കഴുത്തിൽ കത്തിവെക്കുന്നതിന് തുല്യമാണ്. കൃഷി ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് വേദനജനകമാണെന്നും ഇതിന്റെ ഉത്തരവാദിത്തം കൃഷിമന്ത്രിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2018-ലെ പ്രളയം അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റ് മൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമായിരുന്നു എന്ന തന്റെ വാദം അമിക്യസ് ക്യൂറി റിപ്പോർട്ടിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര നേതാക്കളായ നരേന്ദ്ര മോദിയോ അമിത് ഷായോ വന്നാലും ഹരിപ്പാട്ടെ ജനങ്ങൾ തന്നോടൊപ്പം നിൽക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.സർക്കാരിന്റെ പ്രോഗ്രസ് കാർഡ് വെറും പാഴ്വേലയാണെന്നും അഴിമതി മൂടിവെക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




