Kerala

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; പുറത്തെടുത്തത് ഫയർ ഫോഴ്സ്

കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിൽ മോഷണത്തിനിടെ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർല ആണ് കിണറ്റിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി കള്ളനെ പുറത്തെടുത്തു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നന്ദിബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. വീട്ടമ്മ മുറ്റമടിക്കുന്നതിനിടെ കിണറിൻ്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പോയി നോക്കിയപ്പോഴാണ് കിണറ്റിൽ ഒരാളെ കണ്ടത്. കിണറിന് 10 കോലോളം ആഴമുണ്ട്. ഉടൻതന്നെ കുടുംബം, നാട്ടുകാരെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് റെസ്ക്യൂ വല ഉപയോഗിച്ച് ഇയാളെ പുറത്തെടുത്തു.

കുളിമുറി വഴി മുകളിലത്തെ നിലയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീഴാതാവാമെന്നാണ് സംശയം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് ഇയാളെ ചോദ്യംചെയ്ത് വരികയാണ്. മുൻപ് ഇയാൾക്കെതിരെ മോഷണക്കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ 12 പവനോളം സ്വർണം മോഷണം പോയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button